ഞങ്ങളുടെ കല്യാണം

അന്ന് ഞങ്ങളുടെ കല്യാണമായിരുന്നു. വരന്‍ വീട്ടില്‍ത്തന്നെയുണ്ട്,
മുറചെക്കനാണ്. ആചാരപ്രകാരം ക്രിസ്ത്യന്‍ രീതിയിലുള്ള കല്യാണമാണ്. ആദ്യവിവാഹമല്ലാത്തതുകൊണ്ട് ആർഭാടങ്ങളും ആഘോഷങ്ങളുമില്ല, വീട്ടുകാരുടെ സഹകരണവുമില്ല. എങ്കിലും ഞാന്‍ അതിരാവിലെ തന്നെ ഉണര്‍ന്നു. മുറ്റത്ത്‌ വിരിഞ്ഞുനിന്ന വെള്ളനിറമുള്ള പൂക്കളെല്ലാം കൂടയില്‍ പറിച്ചെടുത്തു, കരുതിവെച്ചിരുന്ന സാറ്റിന്‍ റിബ്ബണ്‍ ചേര്‍ത്ത് കെട്ടി ഭംഗിയുള്ള ബൊക്കെ ഉണ്ടാക്കി. കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് തലമുടി വൃത്തിയായി ചീകികെട്ടി. വലിയ കമ്മലും മാലയുമണിഞ്ഞു. കണ്ണെഴുതി, നെറ്റിയില്‍ പൊട്ടുകുത്തി. തലേന്ന് പറിച്ചുവെച്ച് വിരിയിച്ച മുല്ലപ്പൂക്കള്‍ കൊരുത്ത് മുടിയില്‍ വെച്ചു, അതിനുമേലെ തൂവെള്ള നിറമുള്ള നെറ്റ് പുതച്ചു.

പത്തരമണിയ്ക്കാണ് കെട്ട്. കൃത്യസമയത്ത് തന്നെ ഞാന്‍ മുറ്റത്തെത്തി. തൊട്ടുപിന്നാലെ വരനും കാര്‍മ്മികയും എത്തി. കാര്‍മ്മികയുടെ നിര്‍ദേശമനുസരിച്ച് മുറ്റത്ത്‌ വിരിച്ചിരുന്ന മെത്തയില്‍ ഞങ്ങള്‍ ഒരുപോലെ മുട്ടുകുത്തി. കാര്‍മ്മിക കഴുത്തില്‍ ഒരു ഷോള്‍ ചുറ്റിയിരുന്നു, ഉച്ചത്തില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തുടങ്ങി. കയ്യില്‍ ബൊക്കെ ചേര്‍ത്ത് പിടിച്ച് നമ്രമുഖിയായി വരനരുകില്‍ ഞാന്‍ നിന്നു. കാര്‍മ്മിക എടുത്തുത്തന്ന കുരിശുമോതിരം പരസ്പരം അണിയിച്ചു. വാഴനാരു കൊണ്ട് തീര്‍ത്ത മാലയും അന്യോന്യം ചാര്‍ത്തി. പിന്നെ, കുരിശടയാളത്തില്‍ ഞങ്ങളെ അനുഗ്രഹിച്ചു. ഞങ്ങള്‍ ഇരുവരും കൈകോര്‍ത്തു പിടിച്ച് പുഞ്ചിരിയോടെ മുറ്റത്ത്‌ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പടിക്കെട്ടില്‍ ചെന്നിരുന്ന് കുശലം പറഞ്ഞു, ഉറക്കെ ചിരിച്ചു. അതിനിടയില്‍ ചിത്രങ്ങള്‍ക്ക് ചിരിച്ചു കൊടുത്തു.
ഇടയ്‌ക്കെപ്പഴോ അമ്മയും അമ്മായിയും ഞങ്ങള്‍ മുട്ടുകുത്തിയ മെത്തയെടുത്ത് നീക്കി വെയിലത്തേയ്ക്ക് മറിച്ചിട്ടു – ” മൂത്രം മണം പോവാനാണത്രേ!!!”

രാത്രിയായി, പറഞ്ഞു വരുമ്പോ ആദ്യരാത്രി. മണവാളനരുകില്‍ കിടക്കുകയാണ് ഞാന്‍…ആശാന്‍ ഉറക്കം പിടിച്ച് വരുന്നു.
ചെരിഞ്ഞു കിടന്നു മുറുക്കെ തോണ്ടി ഞാന്‍ ചോദിച്ചു – “ഇന്നും നീ കെടന്നു മുള്ളുവോ?”

“എന്തേ” എന്ന ഭാവത്തില്‍ മൂളൽ വന്നു.

നിറഞ്ഞ ഉത്സാഹത്തില്‍ ഞാന്‍ പറഞ്ഞു – “എന്നാ നമുക്ക് നാളെയും കല്യാണം കഴിക്കാലോ!!!”

ഇപ്പുറത്ത് കിടന്ന കാര്‍മ്മിക സാമാന്യം നല്ല സ്വരത്തില്‍ പറഞ്ഞു – ” പിന്നെ, നാളെ എനിക്ക് ക്ലാസ്സ്‌ ഒള്ളതാ”

മണവാളന്‍ കൂര്‍ക്കംവലി തുടങ്ങി, കാര്‍മ്മികയും ഉറക്കം പിടിച്ചു. കല്യാണമോഹങ്ങളുമായി ഞാന്‍ കണ്മിഴിച് ചിരിതൂകി കിടന്നു.

പുളിമരം

എട്ട് വയസ്സുള്ളപ്പോൾ ഞാൻ ഒരു പുളിങ്കുരു വിഴുങ്ങി.
അറിയാതെ സംഭവിച്ചതാണ്. പുളി തിന്നതറിഞ്ഞാൽ അമ്മ വഴക്കു പറയും എന്നുറപ്പുള്ളതുകൊണ്ട് സംഗതി ഞാൻ ആരോടും പറഞ്ഞില്ല. കുറച്ച് വെള്ളം എടുത്ത് കുടിച്ചിട്ട് കിടന്നുറങ്ങി. അത്ര തന്നെ.

മൂന്ന് നാല്‌ ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടാവും – വയറ്റിനുള്ളിൽ വല്ലാത്തൊരു കൊളുത്തിപ്പിടുത്തം, വലിഞ്ഞു മുറുകും പോലെ. അമ്മ എനിക്ക് ഗ്യാസിന്റെ മരുന്ന് തന്നു. പക്ഷെ അതുകൊണ്ട് കാര്യമുണ്ടായില്ല. കുരുപൊട്ടി വേരിറങ്ങി. അതെന്റെ കുടലിനിടയിലൂടെ മുളച്ചു പൊന്തി. ആമാശയം കടന്ന്, ലിവറിനും ഹൃദയത്തിനും ഇടയിലുള്ള ചെറിയ വിടവിലൂടെ മുകളിലെത്തി, തൊണ്ട വഴി അത് കിളിർത്ത് എന്റെ വായിലെത്തി. വായിൽ നിന്നും പുറത്തേക്ക് തള്ളി വന്ന ഇലകളെ ഞാൻ വെട്ടി മാറ്റി.

ഞാൻ കഴിക്കുന്ന ഭക്ഷണമെല്ലാം അത് വലിച്ചെടുത്തു. അതിലെ പോഷണമെല്ലാം ഊറ്റിയെടുത്തു. അത് വളർന്നു കൊണ്ടിരുന്നു. തടിക്കു വീതി കൂടി, പതിയെ എന്റെ ശരീരം അതിൽ അലിഞ്ഞു ചേർന്നു. അതിന്റെ ശിഖരങ്ങൾ എന്നെ മൂടി വളർന്നു. പതിയെ ഞാൻ അതായി മാറി, പുളിമരം.

നല്ല ചൂടുള്ള ഒരു ദിവസം ഉച്ചനേരത്ത് ഞാൻ വെള്ളം വാങ്ങാൻ പുറത്തു പോയി. വേരുകൾ ചവിട്ടി റോഡിലൂടെ നടന്നു നീങ്ങിയ എന്നെ ഒരു കൂട്ടം മനുഷ്യർ വന്ന് പൊക്കിയെടുത്തു. തൊട്ടടുത്തുള്ള പാർക്കിൽ കൊണ്ടുചെന്ന് അവരെന്റെ വേരുകൾ മണ്ണിനടിയിലാക്കി. കാലുകൾ മണ്ണിനടിയിൽ നിന്നും വലിച്ചൂരി അവിടെ നിന്ന് ഓടാനായി ഞാൻ ശ്രമിച്ചു. പരാജയപ്പെട്ടു.

അങ്ങനെ തല കുനിച്ച് സങ്കടപ്പെട്ട് നിന്നപ്പോൾ തൊട്ടടുത്ത് നിന്ന ആഞ്ഞിലിമരം എന്നോട് ചോദിച്ചു – എത്ര വയസുള്ളപ്പഴാ കുരു തിന്നത്?

“എട്ട്” – ഞാൻ മറുപടി പറഞ്ഞു.

പാർക്കിന്റെ ഏറ്റവും മൂലയിൽ നിന്നിരുന്ന ആത്തമരം ആവേശത്തിൽ വിളിച്ചു പറഞ്ഞു – “അപ്പൊ ഞാൻ തന്നെയാ ഏറ്റവും എളയത്, ഞാൻ നാല് വയസുള്ളപ്പഴാ…”

അത് കേട്ട് പാർക്കിലെ മരങ്ങളെല്ലാം ചിരിച്ചു. ആ കൂട്ടചിരിയിൽ ചേർന്ന് ഞാനും ചിരിച്ചു; ഉള്ള് തുറന്ന് ചിരിച്ചു.

രക്തബന്ധം

1

തരം കിട്ടുമ്പോഴെല്ലാം അച്ഛനുമമ്മയും കാണാതെ അവൾ മുറ്റത്തെ ചെങ്കല്ലുകൾ പെറുക്കിത്തിന്നു.
നാലുവയസുകാരിക്ക് മിഠായിയെക്കാൾ പ്രിയം ചെങ്കല്ലുകളായിരുന്നു.
പിടിക്കപ്പെട്ട്ടപ്പോഴെല്ലാം അവൾക്ക് കണക്കിന് തല്ല് കിട്ടി.
എന്നാലും കല്ലുതീറ്റ അവൾ തുടർന്നു പോന്നു; മുറ്റത്തേക്കിറങ്ങാൻ നിർവാഹമില്ലാത്ത വിധം
അച്ഛനും അമ്മയും വാതിലുകൾ പൂട്ടിയിടാൻ തുടങ്ങും വരെ.

2

ആശുപത്രിയിൽ എത്തിച്ചിട്ട് ആഴ്ച്ച ഒന്ന് കഴിഞ്ഞിട്ടും അവളുടെ രോഗകാരണം കണ്ടുപിടിക്കാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. പരിശോധനകൾ നടന്നുകൊണ്ടേയിരുന്നു. ദിവസങ്ങൾ കഴിയുന്തോറും അവൾ വിളറി വെളുത്തു വന്നു. കൂടുതൽ, കൂടുതൽ ക്ഷീണിതയായി കാണപ്പെട്ടു. ആശുപത്രിയിലും ആരും കാണാത്ത നേരത്ത് ചെങ്കല്ല് തിന്നാനായി അവൾ മുറ്റത്തേക്കോടി.
“ഈ കല്ല് മുഴുവൻ പെറുക്കിത്തിന്ന് വെരശല്യം മൂത്താ നീയീ പരുവത്തിലായത്…” – തല്ലുന്നതിനിടയിൽ അമ്മ പുലമ്പുന്നുണ്ടായിരുന്നു.

3

എന്നാൽ യഥാർത്ഥത്തിൽ ഈ കല്ലുകളാണ് അവളിലെ ജീവജലം എന്ന് അവരറിഞ്ഞില്ല. ചോരയുടെ അളവ് ദിനംതോറും കുറഞ്ഞുവന്നത് ഈ കല്ലുകൾ ഭക്ഷിക്കാഞ്ഞതിനാലാണെന്ന് വൈദ്യശാസ്ത്രത്തിന് കണ്ടുപിടിക്കാനായില്ല!

മോഹങ്ങൾ

ജീവിതത്തിന്റെ അവസാന നാളുകളിൽ ഏകാന്തത അയാളെ പിടികൂടി. വിവാഹം കഴിക്കാൻ കഴിയാതെ പോയതിന്റെ വേദന അയാളെ അലട്ടി…വയസ്സ് കാലത്ത് ഒരു ഗ്ലാസ് വെള്ളം തരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, താൻ മരിക്കുമ്പോൾ വാവിട്ട് കരയാൻ കുറെ മക്കളുണ്ടായിരുന്നങ്കിൽ, ഈ ഭൂമിയിൽ നിന്ന് പോയിക്കഴിഞ്ഞും വല്ലപ്പോഴും ഒക്കെ അയാളെ ഓർക്കാൻ ആരെങ്കിലും ഉണ്ടായിരുങ്കിൽ!

ഇനി ഒരിക്കലും നടക്കില്ലാത്ത മോഹങ്ങളുടെ പട്ടിക അയാൾ എഴുതിത്തുടങ്ങി…കറുത്ത ബൈൻഡ് ഉള്ള തടിച്ച നോട്ട്ബുക്കിൽ അയാൾ ഒക്കെയും എഴുതി വെച്ചു.

കുറെ ദിവസങ്ങൾക്ക് ശേഷം പുസ്തകത്തിലെ മോഹങ്ങൾക്ക് ജീവൻ വെച്ചു. അവ താളുകൾക്കിടയിൽ മുട്ടയിട്ടു. അയാൾ മരിച്ച ദിവസം മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തു വന്നു. അവ വന്ന് അയാളുടെ ജീവനറ്റ ദേഹത്തിനരികിൽ ഇരുന്ന് വാവിട്ട് കരഞ്ഞു…പിന്നെ അവര് ചേർന്ന് അയാളുടെ ശരീരം സംസ്കരിച്ചു.

കുറെ ദിവസത്തെ അവധിക്ക് ശേഷം വീട്ടിലെത്തിയ ജോലിക്കാരി ബിന്ദു ചിതലരിച്ച് ശരീരം നിലത്ത് കിടക്കുന്നത് കണ്ടു…ശരീരമാസകലം ചിതൽപ്പുറ്റുകൾ മൂടിയിരുന്നു. ചിതലിന്റെ വഴിയേ പോയ കണ്ണുകൾ ചെന്ന് ഉടക്കിനിന്നത് ആ കറുത്ത പുസ്തകത്തിലാണ്…എഴുതിയ താളുകൾ ഒക്കെയും ചിതൽ പ്രാണികൾ തിന്നു തീർത്തിരിക്കുന്നു….അയാൾക്ക് എന്നും തുണയായിരുന്ന മോഹങ്ങൾ, അവൾ പ്രസവിച്ച കുഞ്ഞുങ്ങൾ!